Tuesday 22 March 2016

ചക്കയേറും ഡിങ്കമതവും...


ചക്കയേറ് എന്ന ഡിങ്ക മത ദുരാചാരവും
ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രവും
 
മിട്ടു മുയല്‍ മരിച്ചത് ചക്ക മേത്തു വീണാണ് . വളരെ പണ്ട് നടന്ന സംഭവമാണെങ്കിലും ഡിങ്ക വിശ്വാസികള്‍ക്ക് അതു മറക്കാനും പൊറുക്കാനും കഴിയില്ല . ഏക ദൈവമായ ഡിങ്കന്റെ പൊന്നു മിത്രത്തിന്‍റെ കഥ കഴിച്ച ചക്ക അവരുടെ ആജന്മ ശത്രുവാകുന്നത് അങ്ങിനെയാണ് . വിശുദ്ധ ബാലമംഗളം പഴയ നിയമത്തില്‍ ചക്ക വിശ്വാസികള്‍ക്ക് വിലക്കിയതായി ഡിങ്കന്‍ അരുളി ചെയ്യുന്നു .
ചക്കയേറ് അഥവാ ചക്കയെ കല്ലെറിയുക എന്ന ആചാരം അങ്ങിനെ പുരാതനകാലം മുതല്‍ ആരഭിച്ചതാണ് . ഇന്നലെ 20.03.13 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഡിങ്കമത സമ്മേളനത്തിലും ആദ്യ ചടങ്ങ് ചക്കയെ കല്ലെറിയല്‍ ആയിരുന്നു . എറിഞ്ഞത് കല്ലല്ല എന്ന് മാത്രം . ഡിങ്കമതം സമാധാനത്തിന്റെ മതമായതിനാല്‍ കല്ലല്ല എറിയാനായി ഉപയോഗിക്കുന്നത് . എറിയുന്ന കല്ല്‌ ആരുടെയെങ്കിലും മേത്തു കൊണ്ട് പ്രാണഹാനി വന്നാല്‍ അത് ഡിങ്കന്‍ സഹിക്കില്ല . അതിനാല്‍ ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രമാണ്‌ ചക്ക എറിയാനായി ഉപയോഗിച്ചത് . (ചിത്രം സാക്ഷി )
ചക്ക പ്രദര്‍ശിപ്പിക്കുന്ന ടി വി എറിഞ്ഞു പൊട്ടിക്കണമെന്ന ഡിങ്കമത തീവ്രവാദി (ഡി എസ് എസ്) നിലപാടിനെ ഭൂരിപക്ഷം പേരും തള്ളികളഞ്ഞിരുന്നു .
അങ്ങിനെ വിശ്വാസികളെല്ലാവരും പത്രമെറിഞ്ഞു കൊണ്ടിരിക്കെ ഒരു ഡിങ്കമത പരിഷ്ക്കരണ വാദി ചില വാദങ്ങള്‍ ഉയര്‍ത്തുകയുണ്ടായി . മിട്ടു മുയല്‍ പഴുത്തു തുടുത്തു നില്‍ക്കുന്ന നിരവധി ചക്കകളുള്ള ഒരു പ്ലാവിന്നടിയില്‍ പോയി നിന്നത് കൊണ്ടാണ് ചത്തു പോയതെന്ന് ടിയാന്‍ സൂചിപ്പിച്ചു . ഭൂമിയുടെ ഗുരുത്വാകര്‍ഷണം ആണ് ഇവിടെ തെറ്റ് ചെയ്തതെന്ന് ടിയാന്‍ പറഞ്ഞു . മാത്രമല്ല എല്ലാ ചക്ക വീഴുമ്പോളും എല്ലാ മുയലുകളും ചാകുന്നില്ലെന്നും തെളിവുകള്‍ നിരത്തി ടിയാന്‍ സ്ഥാപിച്ചു . ഇത് ഡിങ്കവിശ്വാസികള്‍ക്കിടയില്‍ മാനസാന്തരത്തിനിട വരുത്തി . അവര്‍ പരിഷ്ക്കരണ വാദിയുടെ വാദങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തപ്പോള്‍ അത് ശരിയാണ് എന്ന് കണ്ടു .
എങ്കില്‍ പിന്നെ തെറ്റായ ഒരു കാര്യം, അത് വിശുദ്ധബാലമംഗളത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും എന്തിന് വീണ്ടും വീണ്ടും ആവര്‍ത്തിക്കണം .
അതിനാല്‍ ഡിങ്കമതത്തില്‍ ചക്കയെ കല്ലെറിയുന്ന ദുരാചാരം ഇനിയുണ്ടാകില്ല എന്നവര്‍ ഏകകണ്ഠമായി തീരുമാനിച്ചു .
ഇതൊരു നിസ്സാര കാര്യമായി അവര്‍ക്കനുഭവപെട്ടെങ്കിലും ഇതിനു സാക്ഷിയായ പത്രക്കാരും ചാനല്‍ പ്രവര്‍ത്തകരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി എന്ന് ദ്രിസാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധഗ്രന്ഥത്തിലുള്ള ഒരു വിശ്വാസ പ്രമാണം അതെത്ര ദുരാചാരമാണെങ്കിലും വിശ്വാസികള്‍ തെളിവുകള്‍ പരിശോധിച്ച് തിരുത്താന്‍ മിനക്കെടാറില്ലത്രെ . ലോകമത ചരിത്രത്തില്‍ ആദ്യമായി ഒരു വിശ്വാസ പ്രമാണം തിരുത്തി എന്ന ക്രെഡിറ്റ് അങ്ങിനെ ഡിങ്കമതത്തിനു സ്വന്തമായി.പത്രക്കാര്‍ ഞെട്ടിയത് വെറുതേയല്ലത്രെ. ഡിങ്ക ഡിങ്ക!

No comments:

Post a Comment