Thursday 11 February 2016

ഡിങ്കോയിസം ഹെൽപ്-ലൈൻ ഡാറ്റാബേസ്

ഡിങ്കോയിസം ഹെൽപ്-ലൈൻ ഡാറ്റാബേസ്

 പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQ). സത്യവിശ്വാസികളായ ഡിങ്കവിശ്വാസികളുടെ താൽപര്യാർത്ഥം തയ്യാറാക്കിയത്.

 
ചോദ്യം:1) ഡിങ്കൻ ആണ് ഇക്കാണുന്നതെല്ലാം സൃഷ്ടിച്ചത് എങ്കിൽ ഡിങ്കനെ ആര് സൃഷ്ടിച്ചു?

ഉത്തരം) ഡിങ്കൻ സ്വയംഭൂവാണ്. തനിയെ ഉണ്ടാകാൻ കഴിവില്ലാത്തവൻ ഇക്കാണുന്നതെല്ലാം ഉണ്ടാക്കി എന്ന് പറഞ്ഞാൽ വിവരമുള്ള ആരെങ്കിലും വിശ്വസിക്കുമോ?

ചോ: 2) ഡിങ്കൻ മാത്രമാണ് സത്യമായ ദൈവം എന്നതിന് തെളിവ് എന്താണ്?

ഉ) പ്രധാന തെളിവ് വിശുദ്ധ ബാലമംഗളം അങ്ങനെ അവകാശപ്പെടുന്നു എന്നതാണ്. ആധുനിക ശാസ്ത്രം മുഴുവൻ ബാലമംഗളത്തിൽ 2500 വർഷം മുന്പ് എഴുതപ്പെട്ടിരുന്നത് ബാലമംഗളം ഒരു ശാസ്ത്രജേർണൽ കൂടിയാണ് എന്നതിന്റെ തെളിവാകയാൽ ബാലമംഗളത്തിന്റെ പ്രസ്തുത അവകാശവാദം സാധുവാണ്‌.

ചോ: 3) ഡിങ്കവിശ്വാസികൾ അല്ലാത്തവർക്ക് ഡിങ്കസ്വർഗത്തിൽ പ്രവേശനമുണ്ടോ?

ഉ) തീർച്ചയായും. നന്മ നിറഞ്ഞവരും നീതിമാന്മാരും ഏതു മതക്കാർ ആയിരുന്നാലും ഒരു മതത്തിലും വിശ്വസിക്കാത്തവർ ആയിരുന്നാലും ഡിങ്കസ്വർഗത്തിൽ അവർ നിത്യനിവാസികൾ ആയിരിക്കും

ചോ:4) അങ്ങനെയെങ്കിൽ ഡിങ്കമതത്തിൽ ചേരുന്നതിന്റെയോ ഡിങ്കനെ ആരാധിക്കുന്നതിന്റയോ ആവശ്യകതയെന്ത്? നന്മകൾ ചെയ്ത് നല്ലവനായി ജീവിച്ചാൽ പോരെ?

ഉ) മതി. എന്നാൽ ആത്മസാക്ഷാൽകാരം നേടണമെന്നുള്ളവർ, ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടായിത്തീരണം എന്നാഗ്രഹിക്കുന്നവർ തീർച്ചയായും ഡിങ്കനിൽ അഭയം തേടുക.

ചോ:5) ഡിങ്കനെ ആരാധിക്കുന്നവർക്ക് എന്തൊക്കെയാണ് ഡിങ്കൻ വാഗ്ദാനം ചെയ്യുന്നത്?

ഉ) ഡിങ്കോയിസം അത്യാഗ്രഹികൾക്ക് പറഞ്ഞിട്ടുള്ളതല്ല. പ്രലോഭനങ്ങൾ നിരത്തി അണികളെക്കൂട്ടേണ്ട ഗതികേട് ലോകനാഥനില്ല.

ചോ:6) സ്വർഗം ഒരു പ്രലോഭനമല്ലേ? ആത്മസാക്ഷാൽകാരം നേടലും ജീവിതത്തിന്റെ അർഥം നേടലും ഒരുതരത്തിൽ പ്രലോഭനങ്ങൾ തന്നെയല്ലേ?

ഉ) ഇതരസ്വർഗസങ്കല്പങ്ങൾ അങ്ങനെയായിരിക്കാം. ഡിങ്കസ്വർഗ്ഗം നീതിമാന്മാരുടെ പരലോകവാസകേന്ദ്രം മാത്രമാണ്. അവിടെ അർമാദിക്കാൻ യാതൊന്നും ഇല്ല. സ്വർഗ്ഗനിവാസികളുടെ ബൗദ്ധികമായ ഉന്നമനത്തിനുതകുന്നരീതിയിൽ അവർക്ക് പരസ്പരം ഒത്തുകൂടാനും ഗഹനമായ താത്വികസംവാദങ്ങൾ സംഘടിപ്പിക്കുന്നതിനും വേദിയാകുന്ന ഒരു സങ്കേതം മാത്രമാണ് അത്.

ആത്മസാക്ഷാൽകാരം നേടുക എന്നാൽ അവനവനിൽ തന്നെയുള്ള ഡിങ്കചൈതന്യം തിരിച്ചറിയുക എന്നർത്ഥം. അതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല എന്നിരിക്കെ അതിനെ പ്രലോഭനമായി കണക്കാക്കുവാൻ കഴിയില്ല. ജീവിതത്തിന് അർത്ഥമുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ.

ചോ:7) ഡിങ്കൻ എന്തുകൊണ്ട് പ്രവാചകരെ അയച്ചില്ല?

ഉ) അവർ വല്ല വിഡ്ഢിത്തവും വിളിച്ചു പറഞ്ഞിരുന്നെങ്കിൽ വിശ്വാസികൾ അതെല്ലാം ഡിങ്കവചനങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ച് വേദപുസ്തകങ്ങൾ അടിച്ചിറക്കുകയും അതുപ്രകാരം വിഡ്ഢിത്തങ്ങൾ അനാദിയായ സത്യങ്ങൾ ആകുകയും ചെയ്യുന്നതിലുള്ള അപകടം മുൻകൂട്ടിക്കണ്ടതുകൊണ്ടാണ് ഡിങ്കൻ അപ്രകാരം ചെയ്യാതിരുന്നത്. ഡിങ്കൻ തീർച്ചയായും ദീർഘദൃഷ്ടൻ തന്നെ.

ചോ: പിശാചിനെ ഡിങ്കൻ എന്തിനു സൃഷ്ടിച്ചു? എന്തുകൊണ്ട് പിശാചിനെ ഉന്മൂലനം ചെയ്യുന്നില്ല?

ഉ) തിന്മയില്ലെങ്കിൽ നന്മയ്ക്കു വിലയുണ്ടാകില്ലല്ലോ? ദുരിതങ്ങളില്ലെങ്കിൽ സന്തോഷങ്ങൾക്ക്‌ വിലയില്ല. പാപങ്ങളില്ലെങ്കിൽ പുണ്യങ്ങൾക്ക് വിലയില്ല. ദാരിദ്ര്യമില്ലെങ്കിൽ സമ്പത്തിനു വിലയില്ല.

ജീവിതം വിസ്മയമാകുന്നത് ഇത്തരം ദ്വന്ദങ്ങൾ നിലനില്ക്കുന്നത് കൊണ്ടാണ്. പിശാചില്ലാത്ത ഒരു ലോകം വിരസമായിരിക്കും എന്ന് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ.

ചോ:9) ഇതരമതങ്ങളിൽ നിന്നും ഡിങ്കമതത്തെ വേർതിരിച്ചു നിർത്തുന്ന മേന്മകൾ എന്തൊക്കെയാണ്?

ഉ) ഒത്തിരിയുണ്ട്. എന്നാൽ ഡിങ്കമതം പൊങ്ങച്ചങ്ങളുടെ മതം അല്ലാത്തതിനാൽ അവയെല്ലാം അക്കമിട്ടെഴുതുന്നില്ല. സ്വയം പരീക്ഷിച്ചറിയുക.

ചോ:10) ഡിങ്കമതത്തിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്.

ഉ) പങ്കില ഡിങ്കക്ഷേത്രത്തിൽ കപ്പകൊണ്ട് തുലാഭാരം നടത്തുക. വിശുദ്ധ ബാലമംഗളത്തിന്റെ ആജീവനാന്ത മെമ്പർഷിപ്പ് എടുക്കുക.

(കടപാട് : ഇത് എഴുതിയ ഡിങ്കോയിസ്റ്റ് പണ്ഡിതന് )

No comments:

Post a Comment